കൊച്ചി. പാരമ്പര്യ പ്രാർത്ഥനാ ശുശ്രൂഷകളോടെ കൊച്ചി ബിഷപ്പ് ആൻ്റെണി കാട്ടിപറമ്പിൽ കൊച്ചിയുടെ ക്രിസ്തുമസ് കാലം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. കാലങ്ങളുടെ നിരാശകളില്ലാത്ത കാത്തിരിപ്പാണ് ക്രിസ്തുമസിൽ സാക്ഷാത്കരിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫോർട്ടുകൊച്ചി മെത്രാസന മന്ദിരത്തിൽ ഒരുക്കിയ ബൈബിൾ അധിഷ്ഠിതമായ ശിൽപ ചാരുതയിൽ തീർത്ത ആഡ്വന്റ് റീത്തിൽ തിരികൊളുത്തികൊണ്ട് നടന്ന ചടങ്ങിൽ പൈതൃകമൂല്യങ്ങളെയും ചരിത്രത്തെയും ചേർത്തുപിടിക്കുന്ന ആഘോഷങ്ങൾ ജീവസുറ്റതായി നിലനിറുത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.



വിശിഷ്ടാതിഥികളായി കൗൺസിലർമാരായ ഷൈനി മാത്യു, ബാസ്റ്റിൻ ബാബു, സുമിത് മുൻ നഗരസഭ പ്രതിപക്ഷ നേതാവ് ആൻ്റെണി കുരീത്തറ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കൊച്ചിൻ കാർണിവെൽ കമ്മറ്റിയോടൊപ്പം ചേർന്ന് കൊച്ചി രൂപതയും സിൽവെസ്റ്റർ കൊച്ചിനും ചേർന്നു നടത്തുന്ന വിവിധ പരിപാടികളുടെ പ്രോഗ്രാം ഷെഡ്യൂൾ ഫാ. ടോമി മണക്കാട്ട് അനാവരണം ചെയ്തു. ആഗമനകാലത്തെ ഓർമ്മിപ്പിക്കുന്ന കരോൾ ഗാനങ്ങൾ ആലപിക്കുകയുണ്ടായി. മെത്രാസന മന്ദിര അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഫാ. ജോണി സേവ്യർ പുതുക്കാട്, ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ, ഫാ മെൽട്ടസ് ചോക്കോ കൊല്ലശ്ശേരി, കാസി പൂപ്പന, സാവിയോ ഡേവിഡ് എന്നിവർ പ്രസംഗിച്ചു.





