ചേർത്തല: ‘കൂടുമ്പോഴം ഇമ്പമാം തേനൊഴുകും വീട്ടിൽ സാത്താനു വാതിൽ തുറക്കരുതേ...’ എന്ന സന്ദേശവുമായി മാർഗംകളി തീരദേശത്തിന്റെ വെളിച്ചമായി മാറുകയാണ്. സർക്കാരിന്റെ ഓപ്പറേഷൻ തുഫാനും മുൻപേ ഈ മാർഗംകളിസംഘം തീരദേശത...
ചേർത്തല: ‘കൂടുമ്പോഴം ഇമ്പമാം തേനൊഴുകും വീട്ടിൽ സാത്താനു വാതിൽ തുറക്കരുതേ...’ എന്ന സന്ദേശവുമായി മാർഗംകളി തീരദേശത്തിന്റെ വെളിച്ചമായി മാറുകയാണ്. സർക്കാരിന്റെ ഓപ്പറേഷൻ തുഫാനും മുൻപേ ഈ മാർഗംകളിസംഘം തീരദേശത്ത് ആഞ്ഞടിച്ചു. 52 പള്ളികളിലും ചടങ്ങുകളിലും തെരുവുകളിലുമായി ഇരുനൂറിലധികം സ്ഥലത്ത് ലഹരിവിരുദ്ധ സന്ദേശവുമായി മാർഗംകളി നടന്നു. സാമൂഹികമാധ്യമങ്ങളും വൈറൽ മാർഗംകളിയെ ഏറ്റെടുത്തു.
തുഫാൻ ഓപ്പറേഷന്റെ അമരക്കാരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെട്ടതോടെ അണിയറക്കാരെ ഫോണിൽ വിളിച്ചും കത്തയച്ചും അദ്ദേഹം അഭിനന്ദിച്ചു.
തീരദേശത്ത് ലഹരിയുപയോഗം വ്യാപകമായ ഘട്ടത്തിൽ പഞ്ചായത്ത് വകുപ്പിൽ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റായ അർത്തുങ്കൽ സ്വദേശി കുഞ്ഞുമോൻ ബെന്നിയാണ് ലഹരിവിരുദ്ധ സന്ദേശമുള്ള വരികൾ എഴുതി പോരിനിറങ്ങിയത്. ലഹരിക്കെതിരേ അർത്തുങ്കൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീരദേശ മിഷൻ പ്രോത്സാഹനവുമായി എത്തിയപ്പോൾ കുഞ്ഞുമോൻ തന്നെയാണ് വരികൾക്ക് ഈണം നൽകി ചിട്ടപ്പെടുത്തിയത്.
പത്താം ക്ലാസുകാരി അമല കെ. ഷാജി മനോഹരമായി പാടി. സന്ദേശത്തിന്റെ പ്രചാരകരാകാൻ തയ്യാറായ നാലുമുതൽ 11-ാം ക്ലാസുവരെയുള്ള കുട്ടികളെയാണ് അരങ്ങിലിറക്കിയത്.
ഷേർളി ബാബു എന്ന നാട്ടിൻപുറത്തുകാരിയാണ് അരങ്ങിലെത്തും മുൻപ് പരമ്പരാഗത മാർഗംകളിവേഷത്തിൽ ഒരുക്കുന്നത്. കളിക്കിടയിൽ ആൺകുട്ടികളെയും ഉൾപ്പെടുത്തി രണ്ടു മിനിറ്റുള്ള സ്കിറ്റും ഉണ്ട്. ആദ്യം ആരും മാർഗംകളിയുടെ തിളക്കം കണ്ടില്ലെങ്കിലും തെരുവുകളിൽ തീരദേശ മിഷൻ ഇവർക്കായി വേദിയൊരുങ്ങി.
ഇതേക്കുറിച്ചു കേട്ടാണ് പള്ളികൾ അവസരം നൽകിയത്. അർത്തുങ്കൽ റീത്താലയം പള്ളിയിലായിരുന്നു തുടക്കം. ഇപ്പോൾ എറണാകുളം, ആലപ്പുഴ ജില്ലകളിലായി 52-ലധികം പള്ളികളിൽ വിവിധ ചടങ്ങുകളിൽ അവതരിപ്പിച്ചു.
മാർഗംകളിക്കും സ്കിറ്റിനുമൊപ്പം കുട്ടികളുടെ ലഹരിവിരുദ്ധ സന്ദേശം സദസ്സിന് ആകർഷകമായി കൈമാറുന്ന തരത്തിലാണ് അവതരണം. മാർഗംകളി കൂടാതെ, ലഹരിക്കെതിരേയുള്ള സന്ദേശം അടങ്ങിയ ഒരു തിരുവാതിരഗാനവും കുഞ്ഞുമോൻ ബെന്നി എഴുതിയിട്ടുണ്ട്. അതും കുട്ടികൾ പരിശീലിച്ച് അരങ്ങേറുന്നുണ്ട്.
